കൊച്ചി: രാജഗിരി ആശുപത്രി ബ്രിട്ടനിലെ ഫെഡറേഷൻ ഓഫ് റോയൽ കോളജസ് ഓഫ് ഫിസിഷ്യൻസുമായി സഹകരിച്ച് നടത്തുന്ന മൂന്നു വർഷത്തെ ഇന്റേണൽ മെഡിസിൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കൽ വിദ്യാഭ്യാസം കേരളത്തിൽ ലഭ്യമാക്കുന്നതാണ് ഈ റസിഡൻസി പ്രോഗ്രാം.
കോഴ്സ് രണ്ടു ഘട്ടങ്ങളായാണു നടത്തുന്നത്. ആദ്യത്തെ മൂന്നു വർഷത്തെ ഇന്റേണൽ മെഡിസിൻ ട്രെയിനിംഗാണു രാജഗിരിയിൽ നടത്തുന്നത്. ഈ കോഴ്സിനോടൊപ്പം എംആർസിപി പരീക്ഷയ്ക്കുവേണ്ടിയുള്ള പരിശീലനവും നൽകും. ഐഎംടി പൂർത്തിയാക്കി എംആർസിപി പരീക്ഷ വിജയിച്ചവർക്കു രണ്ടാംഘട്ടത്തിൽ സൂപ്പർ സ്പെഷാലിറ്റി ബ്രാഞ്ചുകളിൽ ബ്രിട്ടനിൽ പരിശീലനത്തിനുള്ള അവസരമൊരുക്കും. ഇന്ത്യയിൽ നിലവിലുളള എംഡി ബിരുദത്തിനു തത്തുല്യമാണ് എംആർസിപി ബിരുദം. ഇന്ത്യയിലും വിദേശത്തും മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കാൻ എംആർസിപി ബിരുദം ഗുണകരമാകുമെന്നതാണു നേട്ടം.
ഐഎംസി ആക്ട് 1956 പ്രകാരം അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങളിൽനിന്ന് എംബിബിഎസ് ബിരുദം നേടിയവർക്കും നാഷണൽ മെഡിക്കൽ കമ്മീഷനിലോ സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലോ സ്ഥിരമായി രജിസ്റ്റർ ചെയ്തവർക്കും ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
മികച്ച പരിശീലനത്തോടൊപ്പം നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സ്റ്റൈപ്പന്‍ഡും പരിശീലനകാലയളവിൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 31. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2905645, 7594003385 ഇ-മെയിൽ: rimt@rajagirihospital. com.